ഭക്തി എത്രത്തോളം വളരാം?
എത്ര വേണമെങ്കിലും വളർന്നോട്ടെ പക്ഷേ അത് തോന്നിയതുപോലെയാകരുത്
എന്നാണെനിക്കുതോന്നുന്നത്.ഞാൻ എഴുതുമ്പോൾ പലപ്പോഴും ക്രിസ്ത്യാനിച്ചുവ തോന്നിയാൽ
അതു സ്വാഭാവികം മാത്രം. ആർക്കൊക്കെ എന്തു തോന്നിയാലും ഇതു പറയാതിരിക്കുന്നതെങ്ങനെ?
കുറച്ചു നാളുകളായി ക്രിസ്ത്യാനികൾക്ക് ക്രിസ്തുവിനേക്കാൾ പ്രിയം
വിശുദ്ധന്മാരോടാണ്. യൂദാശ്ലീഹാ, സെബസ്ത്യാനോസ്, ഗീവർഗീസ് എന്നിങ്ങനെ ഒരുപാട്
വിലയുള്ള പുണ്യവാന്മാരുണ്ട് (വിലയെന്നുദ്ദേശിച്ചത് പെട്ടിയിൽ വീഴുന്ന പണം തന്നെ).
കുറെ കഥകളും ചമച്ചുണ്ടാക്കി വിശുദ്ധനെ വീരനാക്കുന്നു. പിന്നെ മേമ്പൊടിയായി ചില
അത്ഭുതങ്ങളും ഇത്രയും ആയാൽ അങ്ങോട്ട് ഭക്തരുടെ തിരക്കായി. അല്ലെങ്കിലും
അത്ഭുതമെന്നുകേട്ടാൽ അവിടെ മലയാളികൾ ഓടിയെത്തും. അതു മുതലാക്കാൻ വലയും
വിരിച്ചിരിക്കുന്നവരെക്കുറിച്ചെന്തു പറയാൻ...!
ജീവിക്കുന്ന സത്യമായിരിക്കുന്ന ഈശോയെക്കാൾ വിശുദ്ധരെ ഇവരെല്ലാം
ഇഷ്ടപ്പെടാൻ കാരണക്കാരാരാണ്. എന്തുകൊണ്ടാണ്
ഈശോയോടുള്ള വിശ്വാസത്തേക്കാൾ വിശുദ്ധന്മാരോടുള്ള ഭക്തി ഇങ്ങനെ
വളർത്തുന്നത്. അൾത്താരയിലോ സക്രാരിയിലോ ഉള്ള ഈശോയെ ഗൗനിക്കാതെ അത്ഭുതം വിതറുന്ന
വിശുദ്ധരോടാണ് എല്ലാവർക്കും പ്രിയം. വിശുദ്ധരുടെ രൂപത്തിൽ മാല ചാർത്താനും, തൊട്ടുമുത്താനും
തെരക്കുകൂട്ടുമ്പോൾ ദൈവത്തെ ഗൗനിക്കാതെ പോകുന്നതെന്ത്? ഈ
പോക്ക് അപകടകരമായ ഭക്തിയല്ലേ?
നേർച്ചപ്പെട്ടിയിൽ വീഴുന്ന പണത്തിനുവേണ്ടി ഈശോയെ അവഗണിക്കുകയല്ലേ
നാം ചെയ്യുന്നത്. ഒരു കുരിശുപള്ളി പണിയുമ്പോൾ പോലും കാശു കൂടുതൽ തരുന്ന പുണ്യവാന്റെ
നാമത്തിലാക്കുന്നതും ഒരു പ്രവണതയായിരിക്കുന്നു. ഇനിയും ദേവാലയത്തിലേയ്ക്ക്
ചാട്ടവാറുമായി അവൻ കടന്നു വരില്ലേ...?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ